Sunday, April 21, 2013

കനലുകൾ

ഓർമ്മകൾ കനലുകൾ ആണെന്ന് പറയുന്നത് എത്രയോ ശരിയാണ്
ആളിപ്പടരാൻ ഒരു ചെറു കാറ്റിനായി കാത്തിരിക്കുന്ന കനൽ കൂമ്പാരങ്ങൾ
വ്രുതശുധിയുടെ പർവങ്ങൾ പൂർത്തീകരിക്കും മുൻപേ
അഗ്നിയിലേക്ക് തള്ളിവിടപ്പെട്ട കോമരമായി എപ്പോളോ മാറിപ്പോയി
കാലുകൾ പൊള്ളി, അലറിക്കരഞ്ഞു കൂവിയർക്കുമ്പോൾ,
കണ്ടു നിൽക്ക്കുന്നവർക്കൊരു ഭക്തി പാരവശ്യതിന്റെ ഉന്മാദ ലഹരി.
പൊള്ളി തകർന്നു കുഴഞ്ഞു വീഴുംപോലെക്കും ആള്ക്കൂട്ടം പോയിക്കഴിയും
പൊള്ളലിന്റെ വേദനകള കടിച്ചമർത്തി ഓര്മയുടെ കനൽക്കിടക്കയിൽ വീണ്ടും തനിയെ.
കുറച്ചു ദിവസങ്ങള് പിന്നെ ആലോചനയുടെയും അവലോകനതിന്റെതുമാണ്.
കഠിനമായ വൃതചിട്ടകൾ പാലിക്കണം എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കലിന്റെ ആവര്ത്തന കാലം.
ശ്വാസ നിശ്വസങ്ങളിലൂടെ മൂകമായി ശാന്തതയെ തേടുന്ന അന്വേഷനകാലം പിന്നീടു.
അന്വേഷിച്ചു കണ്ടെത്തിയ തീരത്തിലെത്തി ഒന്നുറങ്ങാൻ തുടങ്ങുപോലെക്കും ,
വീണ്ടും അടുത്ത കാറ്റ് വീശുന്നു,കനലുകൾ ചിരിക്കുന്നു.


Wednesday, April 17, 2013

ഭിത്തികൾ

ചിന്തകൾ അക്ഷരമായും വാക്കായും മാറുന്നതിനു മുൻപ്
മനസിലൂടെ ഒരു രൂപവുമില്ലാതെ കടന്നു പോകും
പഴയ ഉണങ്ങാത്ത മുറിവുകളെ പിന്നെയും എരിയിച്ച്‌ കൊണ്ട് .
അതിൽ പിന്നെയും രക്തം കിനിയിച്ചു കൊണ്ട്
എപ്പോളോ ആ രക്തം ഒഴുകിയിറങ്ങി മനസിന്റെ നിലങ്ങളെ തൊടുമ്പോൾ
അറിയാതെ വാക്കുകൾ പിറവി കൊള്ളുന്നു.
പകലിനെ ഇരുട്ടാക്കി മരണത്തെ സ്വപ്നം കണ്ടു എഴുതുവാനാനിഷ്ടം.
ചുറ്റും പൊതിയുന്ന ഭിത്തികൾ കുറെ പഴയതാണ്
ജനനം മുതൽ ഓരോ കല്ലുകൾ അടുക്കി ഉയർത്തിയ രക്ഷാതാവളം.
സ്വപ്നങ്ങളിൽ ഒരു ദിവസം ഉണ്ട്
ഈ ഭിത്തികൾ തകര്ന്നു വീഴുന്ന ഭീതിയുടെ നിറമാണ്‌ ചിലപ്പോൾ അതിനു
ചിലപ്പോൾ ഒരു സ്പർശത്തിൽ  അലിഞ്ഞു പോകുന്ന സ്നേഹത്തിന്റെ മണവും

Monday, April 15, 2013

പാഞ്ചാലി


രാമായണത്തിലെ സീതയെക്കളും എന്തോ എനിക്കിഷ്ടം പാഞ്ചാലിയെ ആണ്.
ദ്രുപദന്റെ പുത്രിയെ.
അഞ്ചിൽ ഒരാളെ സ്വയംവരം ചെയ്തവൾ .
ഒരമ്മയുടെ കൂർമ്മബുധിയിൽ അഞ്ചു പേരുടെയും ഭാര്യയായി ജീവിച്ചവൾ.
ചിലര്ക്കൊക്കെ വേറെയും ഭാര്യമാരുണ്ടായിരുന്നു .
എന്നിട്ടും ചൂത് കളിച്ചു തോറ്റപ്പോൾ പണയം വെക്കപ്പെട്ടവൾ.
ഭഗവൻ ഒരു ചെലയായി പോതിഞ്ഞവൾ.
എന്നിട്ടും വനവാസത്തിന്റെ ഓരോ നിമിഷവും ഭാര്തക്കന്മാർക്കൊപ്പം നിന്നവൾ.
വലിയൊരു ശരീരത്തിലെ എരിയുന്ന മരുഭൂമിയെ ഒരു സൗഗന്ധിക പൂകൊണ്ടു കുളിർപ്പിച്ചവൾ.
മുടിയഴിച്ച് ശപഥം ചെയ്തവൾ.
രക്തം കൊണ്ട് മുടി കഴുകിയവൾ.
അക്ഷയപാത്രം ഒരുക്കി കാവലിരുന്നവൾ.
സ്വന്തം കുട്ടികൾ തീയില വെന്തു മരിക്കുന്നത് കണ്ടു നില്ക്കെന്ബ്ടി വന്നവൾ
പതിവൃത്യതിന്റെ സുഖമുള്ള നോവിൽ
മോക്ഷയാത്ര വരെയും പണ്ടാവര്ക്കൊപ്പം പോയവൾ.
പരസ്പരം കനല്വരിയെരിയുന്ന പ്രണയ കോമരങ്ങളുടെ
പ്രഹസന നാടകത്തിൽ പെട്ടുപോകുമ്പോൾ
പിന്നെയും ഓര്ക്കുന്നു പാഞ്ചാലിയെ , അവളുടെ ഭർത്താക്കന്മാരെ

Monday, March 18, 2013

അവളും അയാളും

അവര് തമ്മിൽ എങനെ കണ്ടുമുട്ടി എന്നത് ഒരു പ്രസക്തമായ കാര്യമല്ല. അവർ തമ്മിൽ കണ്ടുമുട്ടി . ജീവിതത്തിന്റെ കനൽ വഴികളില രണ്ടു പേരും ഓടി തളര്ന്നിരുന്നു. എപ്പോളോ അവർ രണ്ടു പേരും ഒന്നായി തീര്ന്നു. വാക്കുകളിലൂടെ മനസിന്റെ അഴങ്ങളിലെക്കിരങ്ങനും , പഴയ അനുഭവങ്ങള പരസപരം പറഞ്ഞു കരയാനും, പിന്നെ ഒരു സ്വാന്തനത്തിന്റെ പുതപ്പിനുള്ളിൽ ഒന്നിച്ചു ഉറങ്ങാനും തുടങ്ങി. രണ്ടു പേര്ക്കും കുറെ ദുരനുഭവങ്ങൾ ഉണ്ടായിരുന്നു. ചില അനുഭവങ്ങള നമ്മളെ ഒന്നും പഠിപ്പിക്കില്ല. പകരം മനസിലേക്ക് വിഷം മാത്രം കുതിവേക്കും. പ്രായോഗികതയുടെ ചില മാനങ്ങൾ പതുക്കെ അവരുടെ സ്നേഹത്തെ കുറക്കാൻ തുടങ്ങി. രണ്ടു പേരും അറിയാതെ ഉള്ളിലെ വിഷം ഫണം ഉയര്തനും. അയാള്ക്ക് അവളുടെ മുല കുടിക്കാൻ ഇഷ്ടമായിരുന്നു. ആദ്യം അവൾ അയാളിലേക്ക് അമൃതിന്റെ തുള്ളികൾ  ചുരത്തി. പിന്നെ എപ്പോളോ, അവൾ പോലും അറിയാതെ വിഷതുള്ളികൾ മുലപ്പാലിൽ കലര്ന്നു.അയാളറിയാതെ അയാളിലെ വിഷത്തിന്റെ അളവ് കൂടി വന്നു. അവളിലെത് കുറഞ്ഞും. പതുക്കെ പതുക്കെ അയാൾ ഒരു മൃഘതിന്റെ രൂപ ഭാവധികളിലേക്ക് രൂപാന്തരപ്പെട്ടു പോയി. അവൾ മനുഷ്യനിലേക്കും. പെട്ടന്നൊരു ദിവസം അവൾ മനുഷ്യരെ ശ്രദ്ധിക്കാൻ തുടങ്ങി. ഉള്ളില കനലുകൾ ഇല്ലാത്തവരെ, ആരെയും ചുട്ടുപോള്ളിക്കതവരെ. അവൾക്കു മനുഷ്യരുടെ കൂട്ട് വേണമെന്ന് തോന്നി. അയാളെ തള്ളിമാറ്റി അവൾ ഇറങ്ങിപ്പോയി.

അയാൾ പെട്ടന്ന് അമ്മ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ പ്പോലെ ആയി. സ്നേഹത്തിന്റെ മുലപ്പാല് വേണമെന്ന് പറയാൻ അറിയാതെ, നിലത്തു കിടന്നു കരഞ്ഞു. കരച്ചിലിന്റെ ശബ്ദം കേട്ട് തുറിച്ചു നോക്കിയതല്ലാതെ ആരും അയലോടോന്നും ചോദിച്ചില്ല. മഹാ നഗരത്തിന്റെ തിരക്കുകളിൽ ആയിരം നിലവിളികൾക്കുള്ളിൽ ആ കരച്ചിലും ഒളിച്ചു പോയി. കരഞ്ഞു കണ്ണുനീർ വറ്റിയ , ലഹരി തലക്കു പിടിച്ച ഒരു സന്ധ്യയിൽ , അയാൾ പെന്നുടലുകളിൽ സ്വര്ഗം തേടിപ്പോയി. കൊടുത്ത പൈസയുടെ സമയം കഴിഞ്ഞപ്പോൾ അവരയാളെ പെരുവഴിയുടെ അഴുക്കുച്ചളിലേക്ക് ഇറക്കി വിട്ടു. പിന്നെ അടങ്ങാത്ത പുകച്ചുരുളിനുള്ളിൽ എന്തൊക്കെയോ തിരഞ്ഞു. അവസാനം അയാൾ മരിച്ചു. ശവമെടുപ്പുകാർ വന്നു അയാളെ മറവു ചെയ്തു.

സ്വർഗത്തിൽ നിന്ന് മാലാഖമാരും, നരകത്തിൽ നിന്ന് ചെകുത്താനും അയാള്ക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചില്ല. പുഴുക്കൾ വന്നു തുടങ്ങിയപ്പോൾ അരികില ഒരല്പം തണുപ്പ് പോലെ തോന്നി. ആത്മാവിന്റെ ഉള്ക്കഴ്ചയിൽ അരികില കിടന്ന ആളെ മനസിലായി. അത് അവളായിരുന്നു. പിന്നെ പരസ്പരം പുനര്ന്നവർ പുഴുക്കളുടെ അലിങ്ങനങ്ങളിൽ മതിമറന്നു കിടന്നു.

Sunday, March 10, 2013

ശവകുടീരത്തിലെ കാഴ്ച

മരണം അയാളെ അനുഗ്രഹിച്ചു .ഒരു തലോടല്‍ പോലെ അത് വന്നു കടന്നു പോയി.സഹിക്കാനാവാത്ത ദുഖങ്ങളില്‍ നിന്നും ,മോചനങ്ങളുടെ സ്വര്‍ഗകവടതിലെക്കുള്ള പ്രതീക്ഷകള്‍ നല്‍കി..കുറെ കല്ലുകൂമ്പരങ്ങളുടെ ഇടയില്‍ അവര്‍ അയാളെ സൂക്ഷിച്ചു  വെച്ചു. ഉയര്പ്പുകളുടെ മഹദിനതിനു വേണ്ടി .ആത്മാവിന്റെ ചെറിയ തുടിപ്പുകള്‍ അയാളില്‍ ശേഷിച്ചത് ആരും അറിഞ്ഞില്ല.ആത്മാവ് തന്നെ വിട്ടു പിരിയാനും എത്രയും പെട്ടന്ന് അഴുകി തീരാനും അയാള്‍ ആഗ്രഹിച്ചു . എന്നാല്‍ ദൈവം പാപപുണ്യങ്ങളുടെ തുലാസില്‍ ആത്മാവിനെ തൂക്കിനോക്കിക്കൊണ്ടിരുന്നു  .

അവള്‍ അറിഞ്ഞത് കുറെ വൈകിയാണ് , അയാള്‍ മരിച്ചു പോയെന്നു. വെറുപ്പിന്റെ അലകളില്‍ എവിടെയോ ഓര്‍മയുടെ ഒരു തിരിനാളം കുറച്ചു വെളിച്ചം പകര്‍ന്നു. രാത്രിയുടെ സുഖശീതള ശയ്യയില്‍ ചേര്‍ന്ന് കിടക്കുമ്പോള്‍ അവള്‍ അവനോടു പറഞ്ഞു അയാളെ കാണാന്‍ പോകണമെന്ന്.പെട്ടനു കേട്ടപ്പോള്‍ ഞെട്ടിപോയെങ്കിലും എന്നും ചെയ്യരുണ്ടയിരുന്നതുപോലെ അവന്‍ നല്ല ഭര്‍ത്താവിന്റെ വേഷങ്ങള്‍ സ്വയം എടുത്തണിഞ്ഞു.

പിറ്റേ ദിവസം ഒരു കെട്ടു പൂക്കളുമായി  അവര്‍ അയാളുടെ ശവകുദീരതിലെത്തി. അവള്‍ അവന്റെ ചുമലുകളില്‍ വീണു കരയുമ്പോള്‍, അയാളുടെ ആത്മാവ് അകത്തു കിടന്നു , വീര്‍പ്പുമുട്ടി.പൂക്കള്‍ കല്ലറയില്‍ വെച്ച് പോട്ടിക്കരയുംപോളും, തൊട്ടു നില്‍ക്കുന്ന ആത്മാവിന്റെ സ്വപ്ന്ദനങ്ങള്‍ അവള്‍ അറിയാതെ പോയി. കുറെ കരഞ്ഞിട്ടു അവള്‍ അവന്റെ കൂടി കാറില്‍ കയറി തിരിച്ചു പോയി . ദൈവം പിന്നെയും തുലാസുമായി വന്നു അയാളുടെ ആത്മാവിനെ തൂക്കിനോക്കി.

Wednesday, February 20, 2013

നിരക്ഷരന്‍

എഴുതാനും വായിക്കാനും അറിഞ്ഞു കൂടാത്ത ഒരു മനുഷ്യന്‍.. ഈ കാലത്തൊക്കെ അങ്ങനെ ഉള്ളവര്‍ ഉണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടും. പക്ഷെ കാലം മാത്രമേ പലപ്പോഴും മരുന്നുള്ളൂ. പല മനുഷ്യ അവസ്ഥകളും ചിന്തകളും ഒറ്റപ്പെടലുകളും എല്ലാം പഴയ പോലെ തന്നെ ഓരോ തലമുറയിലും ആവര്‍ത്തിക്കുന്നു. ഇയാളെ പണ്ട് വീട്ടുകാര്‍ സ്കൂളില്‍ അയച്ചതാണ്. പക്ഷെ എന്ത് കൊണ്ടോ അയാള്‍ക്ക് ഒറ്റപ്പെടുന്നത് പോലെ തോന്നി. പിന്നെ സ്കൂളില്‍ പോകാതെ ഒളിച്ചു നടക്കാന്‍ തുടങ്ങി. പോകുന്ന വഴിക്ക് ഒരു കൊങ്ങിണി കാടുണ്ട്‌. അതില്‍ ഒരു കൂടാരം പോലെ വളച്ചുണ്ടാക്കി അതില്‍ കയറി ഇരിക്കും. എന്നിട്ട് തനിയെ കുറെ കളിക്കും. ഉച്ചയാകുമ്പോള്‍ വീട്ടില്‍നിന്നു കൊണ്ടുവന്ന ചോരെടുതുന്നും. ഇങ്ങനെ കുറെ ദിവസം കഴിഞ്ഞു. ഇടക്കെപ്പോലോ ഒരു കൂട്ടുകാരനെയും കിട്ടി. പക്ഷെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അവനു മടുത്തു. ഇങ്ങനെ ഒരാഴ്ച സ്കൂളില്‍ കാണാതെ ആയപ്പോള്‍ അവര് വീട്ടില്‍ അറിയിച്ചു. വീട്ടുകരെന്തോ പിന്നെ അവനെ പഠിപ്പിക്കാന്‍ വിട്ടില്ല. അപ്പനും അമ്മയും കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടു വന്നു. അയാള്‍ വലിയ വിഷമങ്ങള്‍ ഒന്നും ജീവിതത്തില്‍ അറിഞ്ഞില്ല. പണത്തിന്റെയും വിശപ്പിന്റെയും ഒന്നും ദുഃഖങ്ങള്‍ അയാളെ അലട്ടിയെ ഇല്ല. കുറെ പ്രായമായപ്പോള്‍ എങ്ങനെ ഒക്കെയോ ചില ജോലികള്‍ കിട്ടി. എന്നാല്‍ ഒരു ജോലിയിലും ഉറച്ചു നില്ക്കാന്‍ പറ്റിയില്ല. ജോലി ചെയ്യുമ്പോളും എന്തൊക്കെയോ അലട്ടലുകളുടെ ഉച്ചസ്ഥായിയില്‍ ആയിരുന്നു അയാള്‍.

ചിലപ്പോളൊക്കെ അയാളുടെ നവിലേക്ക് കവിത വരും. ചിലപ്പോള്‍ നാവ് വരെ എത്തില്ല. തലച്ചോറിന്റെ എതോപ് ഒരു കോണില്‍ ഉദിച്ചു അവിടെ ഒരു തരി പ്രകാശമായി നില്‍ക്കും. ചിലപ്പോ നവിലെക്കും വരും. ഉറക്കെ പറയാന്‍ പേടിച്ചു പതുക്കെ പോര് പൊറുക്കും. കൈകള്‍ ഇപ്പോഴും എഴുതാനായി തരിക്കും. പക്ഷെ വരച്ചു ചേര്‍ക്കാന്‍ അറിയാത്ത അക്ഷരതുണ്ടുകളായി അവ അവശേഷിക്കും. അക്ഷരങ്ങളുടെ വടിവിലെക്കൊതുങ്ങാന്‍ കൈകളെ അയാള്‍ കുറെ പരിശീലിപ്പിച്ചു നോക്കി. പക്ഷെ ഒരു വടിവിലും ഒതുങ്ങാതെ പേപ്പറില്‍ അലഞ്ഞു നടക്കാന്‍ ആയിരുന്നു അവക്കിഷ്ടം.

ജീവിതം ഒരു നേര്‍രേഖയിലൂടെ അല്ല പലപ്പോഴും നീങ്ങാര്. യൌവ്വനത്തിന്റെ ദ്രുത ചലന തലത്തില്‍ എപ്പോളോ ആയാലും ആ ച്ചുഴികളിലേക്ക് എടുത്തെറിയപ്പെട്ടു. എന്ത് കൊണ്ടോ വലിയ അത്ഭുതങ്ങളില്‍ അയാള്‍ വെറുതെ വിശ്വസിച്ചിരുന്നു. ചെറുപ്പത്തില്‍ വീട്ടുകാര്‍ പഠിപ്പിച്ചതാവാം. ച്ചുഴികളിലൂടെ , മസ്മരികതകളിലൂടെ ഉള്ള കറക്കം ചിലപ്പോള്‍ തന്നെ എഴുതാന്‍ പഠിപ്പിക്കും എന്ന് അയാള്‍ ഓര്‍ത്തു . പലപ്പോഴും ഉണ്ടായ പരിക്കുളെ മറന്നു വീണ്ടും അയാള്‍ അതിലെക്കെടുതെടുത്തു ചാടി.

ഒരു ജലപ്രവാഹത്തിന്റെ ഉന്മാദം കഴിഞ്ഞപ്പോള്‍ , പെട്ടന്ന് ചുഴികള്‍ നിലച്ചു പോയി. തുടര്‍ച്ചയായ കറക്കത്തില്‍ ബോധം നഷ്ടപ്പെട്ട അയാളെ വെള്ളം ഏതോ കരയില്‍ കൊണ്ടേ എത്തിച്ചു., മനസിലേക്ക് അപ്പോളേക്കും കവിത തിരമാലകള്‍ പോലെ ഇരചിരച്ചു വന്നുകൊണ്ടിരുന്നു. ഏറെ പരതീക്ഷയോടെ അയാള്‍ മണലില്‍ എഴുതുവാന്‍ ശ്രമിച്ചു. പക്ഷെ യാതൊരു അത്ഭുതവും സംഭവിച്ചില്ല കൈകള്‍ പിന്നെയും അതിന്റെ വഴിക്ക് പോയി ഏതോ ഒരു ബീഭത്സ ചിത്രം വരച്ചു. അവസാനം കവിത കണ്ണീരിലൂടെ ഒഴുകി മണലിന്റെ ഊഷരതകലില്‌ വീണു വറ്റിപ്പൊയി

Friday, December 16, 2011

മുറിവുകള്‍

മുറിയിലേക്ക് വന്നു കയറിയത്  കിതച്ചു കൊണ്ടാണ്  . കുറെ ദൂരം നടന്നല്ലോ. കൂടാതെ ശരീരം മുഴുവന്‍  മുറിവുകളും. കെട്ടിവെച്ചിരിക്കുന്ന തുണിയിലൂടെ രക്തം അരിച്ചിറങ്ങുന്നത് നോക്കി വെറുതെ ഇരുന്നു. പോട്ടെ..മുഴുവന്‍ ഊര്‍ന്ന് പോകട്ടെ.. അതോടെ തീരുമല്ലോ നടപ്പും വേദനയും ജീവിതവും. വെറുതെ ഇരുന്നപ്പോള്‍ മനസ്സില്‍ ഒരു തിരശീല വിരഞ്ഞു. തീരാത്ത വേദനകലെപ്പടിയുള്ള ഓര്‍മ്മകള്‍ അവിടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.

കാലങ്ങളായ് ഒഴിയാത്ത ബാധ പോലെ കൂടെക്കൂടിയതാണിത്. ജനിച്ചപ്പോള്‍ ഒരു ചെറിയ പാടുണ്ടായിരുന്നു  എന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് അവയെ ശ്രദ്ധിക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു.  പിന്നെ വളരും തോറും അവയും വളരാന്‍ തുടങ്ങി . പലപ്പോഴും ശരീരത്തിന്റെ അതിരുകള്‍ കടന്നു മനസിലേക്കും. ആരോടെഒക്കെയോ പറയാന്‍ ശ്രമിച്ചു . പക്ഷെ പറയും തോറും ആളുകള്‍ അകന്നു മാറിക്കൊണ്ടിരുന്നു . ചിലരൊന്നും പറയുന്നത് കേള്‍ക്കാന്‍ പോലും തുനിഞ്ഞില്ല.  പിന്നെ മനസിലായി, മനുഷ്യര്‍ ചില വാക്കുകളെ എഴുതാന്‍ വേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന് . മിക്കപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. കുറെ ഒക്കെ ആലോചിച്ചിട്ടും തലച്ചോറിന്റെ ഉള്ളറകളിലെവിടെയും തിരിച്ചറിവിന്റെ മിന്നലാട്ടം കിട്ടാത്തത് കൊണ്ട് മുറിവുകള്‍ ഉള്ള മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കി.

ആദ്യം കണ്ടത് വഴിയരുകില്‍ ഇരിക്കുന്ന ആളുകളെയാണ്   . ഭിക്ഷ യാചിക്കുന്നവര്‍. യാതൊരു മടിയും ഇല്ലാതെ അവര്‍ മുറിവുകളെ തുറന്നു വെച്ചിരുന്നു  . ആ മുറിവുകള്‍  ഉണ്ടാക്കുന്ന സഹതാപത്തില്‍ നിന്ന് വേണം അവര്‍ക്ക് ഭക്ഷണം കഷിക്കാന്‍. വിധിയെ പഴിക്കുമെങ്കിലും ചിലപ്പോളൊക്കെ അവര്‍ മുറിവില്‍ സന്തോഷിക്കുന്നുണ്ട് എന്നു തോന്നി.

പിന്നെ കുറെപ്പേരെ കണ്ടത് സ്വന്തം പരിസരങ്ങളില്‍ ആണ്. ഗ്രാമത്തിന്റെ രൂപഭാവങ്ങളില്‍ സ്വയം ഒതുങ്ങി മുറിവുകളെ സാമാന്യം വൃത്തിയുള്ള തുണികള്‍ കൊണ്ട് കെട്ടി, കുടുംബം നോക്കുന്നവരെ. പുറമെ എപ്പോഴും മുഖം പൊതിഞ്ഞൊരു ചിരി ഉണ്ടെങ്കിലും വലിയൊരു നിശബ്ദതയുടെ ,വീര്‍പ്പുമുട്ടലിന്റെ വിത്തുകള്‍ എവിടെയോ പൊട്ടി മുളച്ചു നില്‍പ്പുണ്ടെന്ന് തോന്നി. എങ്കിലും അവയെല്ലാം ഭംഗിയായി മറക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നടക്കാന്‍ നേരെയുള്ള വഴികള്‍ മാത്രം തിരഞ്ഞെടുക്കുന്നവര്‍. എന്താണെന്നു പോലും അറിയാതെ മിക്കപ്പോഴും സത്യത്തിന്റെ അനുകരണങ്ങളെ നെഞ്ഞിലെറ്റുന്നവര്‍. എന്താണ് ഇവര്‍ ഇങ്ങനെ എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് . ചിലപ്പോള്‍ ശ്രദ്ധിച്ചത് ഭര്‍ത്താക്കന്മാരെ ആയതു കൊണ്ടാവാം.  

എവിടെ നിന്നോ കിട്ടിയ ചെറിയ ചെറിയ തുണിക്കീരുകള്‍ക്കൊണ്ടു മുറിവുകള്‍ മറച്ചു ഭംഗിയായി നടക്കാന്‍  പഠിച്ചു തുടങ്ങിയപ്പോളേക്കും  ജീവിതം നഗരത്തിലേക്ക് വലിച്ചെറിഞ്ഞു  . ഒരിക്കലും അവസാനിക്കാത്ത തിരക്കുകളുടെ ലോകം.നഗരത്തിനു അവരുടെതായ രീതികളുണ്ട് . ഏകാതനതയുടെ രൂപകങ്ങളില്‍ കയറി ഒളിക്കാനും, അമൂര്തതയെ നിഷേധിക്കാനും പഠിപ്പിക്കുന്ന രീതികള്‍ . ജീവിതം ഒരു ഉള്പന്നമാനെന്നു കരുതിക്കൊണ്ട് പൂര്‍ണതയെ തേടുന്ന , സംസ്കരമില്ലയ്മയെ ആധുനികത കൊണ്ട് മൂടുന്ന അറിവില്ലായ്മയുടെ രീതികള്‍ . ചിലപ്പോളൊക്കെ കൂട്ടം കൂടി പോകുന്നത് കഴുകന്‍മാര്‍ ആണെന്ന് തോന്നും . ഇരയെ കൊത്തിത്തിന്നുന്നേ വികാരത്തോടെ മറ്റുള്ളവരുടെ മുറിവുകളില്‍ മാത്രം നോക്കുന്നവര്‍ .  അവിടെയും ശരീരം മുഴുവന്‍ മുറിഞ്ഞവര്‍ ഉണ്ടായിരുന്നു. പക്ഷേ മുറിവുകളെ അവര്‍  പട്ടുതുണികളുടെ പളപളപ്പില്‍  മറച്ചു. പുറത്തെ ലോകത്തില്‍ സൂര്യന്‍ മിക്കപ്പോഴും അവരിലൂടെ പ്രതിഫലിച്ചു . അറിയാതെ എപ്പോഴൊക്കെയോ മനസ്സില്‍ ന്ര്മിക്കപ്പെട്ട മാതൃകകള്‍ അവരുടെതാണെന്ന് തിരിച്ചറിയാന്‍ പിന്നെയും സമയം കുറെ എടുത്തു.
വേദന അസഹനീയമായപ്പോളാണ് തനിയെ കഴിയാമെന്ന് വെച്ചത്. ആര്‍ക്കും ഒരു ശല്യമാകണ്ടല്ലോ. രക്ഷപെടാനുള്ള മാര്‍ഗമായി കണ്ടത് പനതെയാണ് . അറിയാവുന്ന പണികള്‍ ചെയ്തു കുറെ പണമുണ്ടാക്കണം. ഒന്നും ആഗ്രഹിക്കാത്തവന്റെ മനസില്‍ എപ്പോളോ ഈ ഒരു ആഗ്രഹം കയറിക്കൂടി. മുന്നില്‍ കണ്ടതെല്ലാം തൊട്ടത് പൊന്നാക്കിയവരുടെ കഥകളും. ജോലിക്കു പോകണമെങ്കില്‍ മുറിവുകള്‍ മറക്കണം. കിട്ടിയതാകട്ടെ കുറെ കീറിപ്പോയ പട്ടുതുണികളും. ഉള്ളത് കൊണ്ട് സാധിക്കുന്നിടത്തോളം  മറച്ചു. പിന്നെയും ചിലതൊക്കെ കാണുന്നവര്‍ക്ക്  ചുട്ടു പഴുത്ത ഇരുമ്പ് കമ്പികള്‍ കയറ്റി  വേദനിപ്പിക്കാന്‍ വേണ്ടി ബാക്കിയായി. പലപ്പോഴും തിരിച്ചു പോകുവാന്‍ ആഗ്രഹിച്ചു . പിന്നെ ഒരിക്കലും തിരിച്ചു പോകാന്‍ പറ്റില്ല എന്നറിയുമ്പോള്‍ എല്ലാം തകര്‍ന്നു പോകുന്നത് പോലെ.

ദിവസവും പോകുമ്പോളും വരുമ്പോളും കുറെ ആളുകളെ കാണും. വഴിയോരത്ത് കൂടി ഒതുങ്ങി നടന്നു പോകുന്നവര്‍ . ഒന്നും അല്ലാതിരുന്നിട്ടും എന്തെല്ലാമോ ആണെന്ന് അസഹനീയമായ വിധത്തില്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. എന്തിനാണെന്ന് അറിയാതെ കരയുന്നവര്‍. പിന്നെ  എങ്ങനെ ഒക്കെയോ ജീവിച്ചു തീര്‍ക്കുന്ന മറ്റുള്ളവര്‍. ആദ്യം ആളുകള്‍ ഒരു ആവേശമായിരുന്നു. പിന്നെപ്പോഴോ സ്വാര്‍ത്ഥതയുടെ വേരുകള്‍ എല്ലാവരിലും പടര്‍ന്നു നില്‍ക്കുന്നത്  കണ്ടപ്പോള്‍ മടുക്കാന്‍ തുടങ്ങി.

പല തരത്തിലുള്ള ആളുകളെ കണ്ടു മടുത്തപ്പോള്‍   ദൈവത്തെ കാണണമെന്ന് തോന്നി. പലയിടത്തും പോയി നോക്കി. ചില പള്ളികളുടെ മുകളില്‍ അവന്റെ രൂപങ്ങള്‍ കണ്ടു. കലനിപുനതയുടെ ഉതുംഗങ്ങളില്‍ വിരിഞ്ഞ ആ രൂപങ്ങള്‍ പക്ഷേ എത്തിപ്പിടിക്കാവുന്നതിലും മുകളില്‍ ആണെന്നാണ് തോണിയത്. ചിലര്‍ വഴിയില്‍ നിന്നും ദൈവത്തെപ്പറ്റി പറഞ്ഞു  .ചിലര്‍ കൂടെ നടന്നും. പക്ഷേ എപ്പോഴൊക്കെയോ അവരുടെ വേദപുസ്തകങ്ങളുടെ നിറം കറുപ്പാകുന്നത് തിരിച്ചറിഞ്ഞു. പലപ്പോഴും കൈകളില്‍ നിന്നും കറുപ്പ് ഒഴുകിയിറങ്ങിയത് കൊണ്ട് .

 വേദന പക്ഷേ അസഹനീയമാകും വിധം വര്‍ധിചപ്പോള്‍ പതുക്കെ തിരശീലയില്‍ നിന്നും രൂപങ്ങള്‍ മായാന്‍ തുടങ്ങി. എവിടെ നിന്നോ വല്ലാത്തൊരു ദാഹം ശരീരമാകെ നിറഞ്ഞു. ചുണ്ടും നാക്കും വല്ലാതെ വരണ്ടു പോകുന്നത് പോലെ. കുറെ നേരം മുകളിലേക്ക് നോക്കിയിരുന്നു. ആരോ ഒരാള്‍ പതുക്കെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. അടുതെതിയപ്പോള്‍ അയാള്‍ കണ്ണുകളെ വലിച്ചു തുറന്നു. അപ്പോളാണ് കണ്ടത് . മുറി മുഴുവന്‍  നിറഞ്ഞു നില്‍ക്കുന്ന ഒരു തേജസ് . അപ്പോള്‍ മനസിന്റെ ഉള്ളറകളില്‍ ഉറവകള്‍ പൊട്ടുന്നത് പോലെ തോന്നി. തണുത്ത വെള്ളം ശരീരമാകെ വന്നു നിറയുന്നത് പോലെ. കുറച്ചു കഴിഞ്ഞപ്പോള്‍ ശ്വാസം വളരെ നേര്തതായി. പിന്നെ നേര്‍ത് ഇല്ലാതെയായി. ബലിഷ്ടമായ കൈകള്‍ കൊണ്ട് ചുമലുകളില്‍ അയാള്‍ തങ്ങി എടുക്കുന്നതരിഞ്ഞു.  അയാളുടെ കൂടെ മുകളിലേക്കു പറക്കുമ്പോള്‍  അയാളുടെ നെറ്റിയില്‍ കാരുണ്യം എന്നെഴുതിയിരിക്കുന്നത് കണ്ടു . പിടിച്ചിരിക്കുന്ന കൈ വേളയില്‍ നിന്നും രക്തം ഒഴുകുന്നതും. പിന്നെ തോളില്‍ ഒരു വലിയ മരക്കഷ്ണം ചുമന്നു നടന്നതിന്റെ തഴമ്പും.