Tuesday, July 12, 2016

മരണക്കുറിപ്പ്

ഒരാളുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് കിട്ടി. ഭാര്യയെ പറ്റി പ്രത്യേകിച്ചു ഒന്നും അതിൽ ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്ത ആൾക്ക് ശരിയായ മാനസിക വളർച്ച ഉണ്ടായിരുന്നില്ല എന്നു ചിലർ അഭിപ്രായപ്പെട്ടു . എന്തായാലും അയാളുടെ വരികളിൽ എവിടെയോ ഒരു കവിത ഉണ്ടായിരുന്നു. ജീവിതം മുഴുവ വിശ്വസിച്ചു പോന്ന ചില കാര്യങ്ങളോടുള്ള കലഹിക്കൽ.

എന്റെ സഹനങ്ങൾ ഞാൻ മറ്റുള്ളവർക്കായി സമർപ്പിച്ചില്ല.
അതുകൊണ്ടു ഞാൻ ഒരു വിശുദ്ധനായില്ല.

ഞാൻ കന്യകയോ കള്ളനോ ആയിരുന്നില്ല.
അതുകൊണ്ടു പറുദീസകളിലേക്കു ശരീരത്തോടെ ഞാൻ എടുക്കപ്പെടില്ല

പാതി വെന്തു പോയ ശരീരത്തിലേക്കും മനസ്സിലേക്കും,
പിന്നെയും ആണികൾ അടിച്ചു കയറ്റുമ്പോൾ അവരോടു ഞാൻ ക്ഷമിച്ചില്ല.
അതുകൊണ്ടു ഞാൻ ക്രിസ്തു ആയില്ല.

മരണത്തിന്റെ ഏകാന്തമായ നിശബ്ദതയിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിച്ചില്ല.
അതുകൊണ്ടു ഞാൻ ഉയത്തെഴുന്നേൽക്കുകയില്ല .

വൈകിപ്പോയെങ്കിലും മനസിൽ ഒരു ചോദ്യം വല്ലാതെ അലയടിക്കുന്നുണ്ട് .
ആരായിരുന്നു ഞാൻ ?
ഉത്തരവും മനസിൽ കരുതിയിട്ടുണ്ട് .
ജനനത്തിനും മരണത്തിനും ഇടയിലെ കുറച്ചു സമയത്തു വല്ലാതെ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യൻ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment