Thursday, May 30, 2013

മഴവില്ല്

മഴവില്ല് സ്വർഗത്തിൻറെ വാതിലാണെന്ന് തോന്നുന്നു. 
ചിലപ്പോൾ മാത്രം മേഖങ്ങൾക്കുള്ളിൽ അത് തെളിയും. 
സ്വർഗത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് വേണ്ടി. 
എല്ലാവരെയും സ്വർഗതിനു ഉൾക്കൊള്ളാൻ പറ്റാഞ്ഞിട്ടായിരിക്കും ,
അത് പെട്ടന്ന് തന്നെ മാഞ്ഞു പോകുന്നത്.
പറക്കാൻ പറ്റിയാൽ മഴ വില്ലിന്റെ അടുത്തു പോകണം. 
അടുത്തു ചെല്ലുംതോറും ദൂരം പിന്നെയും കൂടി കൂടി വരും. 
സ്വര്ഗം ഒരു സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞു നോക്കുമ്പോൾ 
താഴെ ഇലത്തുമ്പിൽനിന്നുതിരരായി നിൽക്കുന്ന തുള്ളിയിൽ 
ഒരു മഴവില്ല് കാണാം, എന്നെ നോക്കി ചിരിക്കുന്നത്., 

സ്നേഹം

ഒരു വരി മാത്രം കുറിക്കാം നിനക്കായ്
മറവിയുടെ മാറാലയിൽ നീയെന്നെ മറന്നു പോകും മുൻപേ.
ഒരു വാക്ക് മാത്രം എഴുതാം നിനക്കായി.
വാക്കുകൾ കേൾക്കാൻ നീയുള്ള കാലത്തോളം.
സ്നേഹമെന്നോരക്ഷരം കുറിക്കാം നിനക്കായി
മറഞ്ഞു പോയെങ്കിലും മനസ്സിൽ ,
സ്നേഹം സൂക്ഷിക്കുന്ന കാലമത്രയും നീ വായിക്കുവാൻ.

Wednesday, May 29, 2013

രാത്രിയിൽ എഴുന്നേറ്റു നടക്കുന്നവർ


അയാള്ക്ക് എഴുന്നേറ്റു നടക്കുന്ന ശീലമുണ്ടായിരുന്നു. ഉറക്കത്തിൽ. പാതിരാത്രി കഴിയുമ്പോൾ പതുക്കെ ഒരു സ്വപ്നത്തിന്റെ ചിറകിലേറി തെന്നി നീങ്ങും. ഇങ്ങനെ ഒരു കുഴപ്പം ഉണ്ടെന്നു നേരത്തെ അറിയാമായിരുന്നെങ്കിലും അയല്ക്കെന്തോ അതിഷ്ടമയിരുന്നു.ഇഷ്ടമാണെന്ന് മാത്രമല്ല മറ്റുള്ളവര്ക്കില്ലാത്ത എന്തോ പ്രത്യേകത തനിക്കുണ്ടെന്ന അഭിമാനം കൂടി ഉണ്ടായിരുന്നു. ചിലപ്പോൾ ഒരിക്കലും മാറ്റാൻ പറ്റാത്ത കാര്യങ്ങളോട് നമ്മൾ ഇഴുകി ചെരാരുണ്ടല്ലോ. അത് പോലെ ആയിരിക്കാം. വീട്ടുകാരും, വൈദ്യന്മാരും ഓരോരോ മരുന്നുകൾ കൊടുത്തു കൊണ്ടേ ഇരുന്നു. അയാൾ അതൊന്നും കഴിക്കില്ല. കുറച്ചു പേര്ക്ക് മാത്രമേ ഇതിനെപറ്റി അറിയൂ. അത് കൊണ്ട് ഈ കാരണം പറഞ്ഞു കല്യാണം ഒന്നും മുടങ്ങിയില്ല.

ആദ്യ രാത്രിയിൽ തന്നെ ഭാര്യയോട്‌ എല്ലാം തുറന്നു പറഞ്ഞു. അവൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ആരൊക്കെയോ ചേർന്ന് ഇഷ്ടമില്ലാത്ത കല്യാണം കഴിക്കാൻ നിര്ബന്ധിച്ചതിന്റെ വിഷമം ശരിക്ക് മാറിയിട്ടില്ല. എന്തെങ്കിലും ആകട്ടെ എന്നോർത്ത് അവള് സമാധാനിച്ചു കാണും. ആദ്യ രാത്രിയില്ൽ അയാൾ ഉറങ്ങിയില്ല. വെറുതെ ഉറക്കം നടിച്ചു കിടന്നു. പിന്നെ ഏകദേശം ഒരാഴ്ചയോളം അത് അങ്ങനെ തന്നെ ആയിരുന്നു. അടുത്ത ആഴ്ച അയാള്ക്ക് നിയത്രിക്കാൻ പറ്റിയില്ല. പാതിരാത്രി ഇറങ്ങി നടക്കാൻ തുടങ്ങി. നേരം വെളുക്കരകുംപോൾ തിരിച്ചു വരും. കുറച്ചു കൂടി ഉറങ്ങും. പിന്നെ പതിവുപോലെ ജോലിക്ക് പോകും. എല്ലാം അങ്ങനെ നടന്നു. കുറെ മാസങ്ങള കടന്നു പോയി. ഒരു ദിവസം അയാളെന്തോ നേരത്തെ തിരിച്ചു വന്നു. വന്നപ്പോൾ ഭാര്യയുടെ കൂടെ വേറെ ഒരാൾ കിടക്കുന്നതാണ് കണ്ടത്, അയാളുടെ മുന്നില് അവൾ ജ്വലിച്ചു നില്ക്കുന്നു. താൻ ഇന്ന് വരെ കാണാത്ത ഒരു വെളിച്ചവും പ്രഭയും അവള്ക്കുന്ടെന്നു അയാള്ക്ക് തോന്നി. ഒന്നും പറയാതെ, അയാൾ തിരിച്ചു പോയി. കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു ഒന്നും സംഭവിക്കാത്ത പോലെ തിരിച്ചു വന്നു കിടന്നുറങ്ങി. പിന്നെ പിന്നെ ജോലി അയാൾ വീട്ടിലേക്കു മാറ്റി. പകൽ ജോലി ചെയ്യാതെ ഉറങ്ങാൻ തുടങ്ങി. രാത്രിയിൽ ഉറക്കമില്ലാതെ കവലിരിക്കാനും.

അങ്ങനെ രാത്രിയിൽ ആരും വരതവാൻ തുടങ്ങി, എന്താണ് പകൽ വീട്ടിളിരിക്കുന്നതെന്ന അവളുടെ ചോദ്യത്തിന് , പുച്ഛം കലര്ന്ന ഒരു ചിരി മാത്രം തിരിച്ചു കൊടുത്തു. എപ്പോളോ അവളോട്‌ അത് ആരാണെന്നു ചോദിച്ചു. അങ്ങനെ ഒരാളെപ്പറ്റി  അവൾ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. അവൾ പറഞ്ഞ അവളുടെ പഴയ കാമുകന്റെയും കൂട്ടുകാരുടെയും ഇടയില നിന്ന് അയാളുടെ ഭ്രാന്തന മനസ് കണ്ടു പിടിച്ച ഒരു രൂപം. എല്ലാം സഹിച്ചു മിണ്ടാതിരിക്കുകയനെന്നുള്ള അയാളുടെ അഭിമാനത്തിന്റെ, അവസാനത്തെ പലക കൂടി ഇളകി വീണു. താൻ ഒരു മാനസിക രോഗി ആണെന്നുള്ള ഞെട്ടിക്കുന്ന തിരിച്ചറിവിൽ ആണ് അന്ന് ഉറങ്ങാൻ പോയത്.

ഉറക്കത്തിന്റെ മാലാഖമാർ അന്ന് ഭൂമിയിലേക്ക്‌ വന്നില്ല. അവള് ആയാലും ഉറങ്ങാതെ കിടന്നു. രാത്രിയിൽ എപ്പോളോ അവളുടെ കൈകൾ അയാളെ പൊതിഞ്ഞു. അഭയം തേടുന്ന, കുഞ്ഞിനെപ്പോലെ അവളുടെ മാറിലെ ചൂടിൽ അയല്ക്കിടന്നുറങ്ങി. ഉറക്കത്തിന്റെ മാറാലകൾ കുറെ കഴിഞ്ഞപ്പോൾ സ്വപ്നത്തിനു വഴിമാറി. സ്വപ്നത്തിന്റെ ചിലന്തി പതുക്കെ വളകൾ കെട്ടുവാൻ തുടങ്ങി. അമൂര്തമായ പല കാഴ്ചകളും കണ്ടു അവസാനം ഒരു കടൽ തീരത്ത് വന്നടിഞ്ഞു. വലിയൊരു തിരയുടെ ആർത്തിരമ്പം കേട്ട് അയാൾ ഓടാൻ തുടങ്ങി. കടൽത്തീരത്ത്‌ നിന്നും ദൂരേക്ക്‌. അങ്ങനെ ഓടി ഓടി അയാൾ വീട്ടില് നിന്നും എങ്ങോട്റെക്കോ പോയി.

അന്ന് അവളുടെ കാമുകൻ വരുന്ന ദിവസമായിരുന്നു. ഓർമയുടെ മലരുകൾ കോർത്ത്‌ കെട്ടി, അവൾ അവനു വേണ്ടി കാത്തിരുന്നു.ഇരുട്ടിന്റെ ഓടാമ്പലുകൾ നീക്കി അവൻ വന്നു. ആളൊഴിഞ്ഞ കട്ടിലിലേക്ക് അവളുമായി ചാഞ്ഞു.

രാത്രിക്ക് അന്നെന്തോ ഇരുട്ട് കൂടുതലായിരുന്നു. ദൈവത്തിനു അതുകൊണ്ട് ഒന്നും കാണാൻ പറ്റിയില്ല. കുറെ നേരം നോക്കി കണ്ണ് കഴച്ചിട്ടു ദൈവം വേരെവിടെക്കോ പോയി. പിറ്റേ ദിവസവും സാധാരണ പോലെ ഉദിക്കാൻ സൂര്യനെ പരഞ്ഞെല്പ്പിച്ചിട്ടു. 

Monday, May 27, 2013

ജീവിതം

പലവുരു ചൊല്ലി ഉരുവിട്ട് പടിച്ചതാം
ആയിരം ജീവിത വിശ്വാസ വാക്യങ്ങൾ
കടപുഴക്കി എറിയുന്നോര കാറ്റിന്റെ പേരത്രേ ജീവിതം
കണ്ടു കണ്ടു പഴകി പതിഞ്ഞൊരു കാഴ്ചയിൽ
കാണാക്കാഴ്ച നിരക്കുവതത്രെ ജീവിതം
ഒരപശ്രുതിക്ക് തംബുരു മീട്ടുവാൻ കൂലി വാങ്ങുന്നവന്റെ
ചുമലിലെ ചുമടത്രേ ജീവിതം.
ഇരുട്ടിന്റെ വാതിലുകൾ പിന്നെയും അടയുമ്പോൾ,
വെളിച്ചമെന്നതൊരു സ്വപ്നമായ് തീരുമ്പോൾ,
ഇരുണ്ട മുറികളിൽ,അരണ്ടവെളിച്ചത്തിൽ
രക്തമൊലിക്കും മുറിവുകളിൽ നോക്കി
നീയും ഞാനും പഴിക്കുന്നതത്രേ ജീവിതം.
ഒറ്റയായ്,പിന്നെയൊരു കൂട്ടിനായ് തിരയുന്ന,
പെട്ടയായ്,പിന്നെയും ഒറ്റയയോടുങ്ങുന്ന,
ഉന്മാദ ലഹരികളിൽ കവിത പൊഴിക്കുന്ന,
പകലുകൾ നിറയാത്ത, എന്നോ തുടങ്ങിയ യാത്രയോ ജീവിതം.

Monday, May 13, 2013

രോഗിയാണ്‌ നീ

സ്വപ്നം ഇല്ലാതെ ,ജീവനും മരണവുമില്ലാതെ
പുലരിയുടെ ഇരുട്ടിലെക്കിറങ്ങുന്നു.
രാവിന്റെ ചില്ലയിൽ കൂടണയും വരെ ,സമയം വെറുതെ തള്ളിനീക്കാൻ.
ചിരിക്കുമ്പോൾ ഓർക്കുക രോഗിയാണ്‌ നീ,ചിരിക്കരുത്
കരയുമ്പോൾ ഓര്ക്കുക രോഗിയാണ്‌ നീ,കരയരുത് .
ഒരു വാക്കുപരയുംപോൾ ,ഒന്ന് നോക്കുമ്പോൾ ,
പിന്നെയും പിന്നെയും തലയുടെ കോണിലെവിടെയോ ഭയത്തിന്റെ തിരിളക്കം
മിണ്ടാതിരിക്കുക ,ചെയ്യാതിരിക്കുക ,ചെയ്യുവതെല്ലാം അബദ്ധ സഞ്ചയം.
ഒരു മുഴം കയറിന്റെ അറ്റത്ത്‌  സ്വര്ഗം കാണുമ്പോളും പിന്നെയും ഭയം
മരിക്കാൻ ,മരിക്കാതിരിക്കാൻ
മറക്കാൻ ,നിന്നെ മറക്കതിരിക്കുവാൻ.
കാലു പൊള്ളുന്നു,ഉരുകുന്നു മെയ്യാകെ .
വയ്യെനിക്കീ ചൂടിൽ ഒരല്പം കൂടി നില്ക്കുവാൻ
സ്നേഹമെഴുതിയ കടലാസ് ചേർത്ത് ,ഇരുട്ടിൽ മറഞ്ഞിരിക്കുന്നു ഞാൻ
ഒന്ന് തഴുകാൻ,ഒന്ന്  ചേർന്നുറങ്ങാൻ മരണമേ നീ വരുവതും കാത്ത് .

Tuesday, May 7, 2013

അഭയം

ആദ്യത്തെ അഭയം ശൂന്യതയായിരുന്നു.
ശരീരമില്ലാത്ത,ആത്മാവില്ലാത്ത,
പാപവും പുണ്യവുമില്ലാത്ത ശാന്തതയുടെ ലോകം.
കാലമാടുത്തപ്പോൾ ദൈവം ആത്മാവും അമ്മ ശരീരവും തന്ന്‌,
അഭയമില്ലാത്ത ലോകത്തേക്ക് ഇറക്കിവിട്ടു.
ശരീരം പുഴുക്കൾക്കും,ആത്മാവ് ദൈവത്തിനു തിരിച്ചു കൊടുക്കും വരെ
തെടുവതെല്ലമോരഭയം.
അമ്മതൻ പാലിലും,പെണ്ണ് തൻ ചൂടിലും ,
മോഹ ദേഹര്ത്തികൾ തൻ  സ്വപ്ന ലോകത്തിലും
തെടുവതോരഭയം,നിർഭയമായോരഭയം.