Wednesday, November 16, 2011

വാക്കുകള്‍

വാക്കുകളെ അയാള്‍ ഒരുപാട് സ്നേഹിച്ചിരുന്നു. അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുകള്‍ ഉണ്ടാകുന്നതും, ആ അക്ഷരക്കൂട്ടങ്ങളിലേക്ക് അര്ത്ഥം നിറയ്ക്കപ്പെടുന്നതും അയാളെ അത്ഭുടപ്പെടുത്തിയിരുന്നു. വാക്കുകള്‍ക്കും മനുഷ്യര്‍ക്കും സാമ്യമുള്ളപ്പോലെ ചിലപ്പോള്‍ തോന്നും. സമ്മതമോ അനുവദമോ ചോദിക്കാതെ ജനിക്കുന്ന നിമിഷം അര്‍ഥവും വിധിയും നിര്‍ണയിക്കപ്പെടുന്ന രണ്ടു സമസ്യകള്‍. അങ്ങനെ ചിന്തിക്കുമ്പോള്‍ ഒരുപാട് സമസ്യകളെ ഒരു നൂലില്‍ കോര്‍ത്ത് പൊതുവായ അര്ത്ഥം തേടുന്ന സമൂഹത്തെ പറ്റി ഓര്‍ക്കും. ഒപ്പം വാക്കെന്ന സമസ്യയെ പുനര്‍നിര്‍വചിക്കുന്ന വാക്യങ്ങളെപ്പറ്റിയും പിന്നെ അര്‍ഥമില്ലാത്ത അക്ഷരക്കൂട്ടങ്ങള്‍ പോലെയുള്ള ചില ഭ്രാന്തന്‍ ആള്‍ക്കൂട്ടങ്ങളെപ്പറ്റിയും. ചിലപ്പോളൊക്കെ ഒരു വാക്യത്തില്‍ നിന്നും അടര്‍ത്ത് മാറ്റിയെടുത്ത് വച്ച ,  അര്ത്ഥം പൂര്‍ത്തിയാക്കാനായി മരുപകുതിയെ തേടുന്ന വാക്കാണ് താനെന്നു അയാള്‍ വിശ്വസിച്ചു. ചിലപ്പോള്‍ വാക്കുകളുടെ ഉപാസകനാണെന്നും.

തളക്കപ്പെട്ടുപോയ ചെറുപ്പത്തിന്റെ പാഠം ഉരുട്ടി, വരിയും നിരയും തെറ്റാതെ എഴുതുന്ന അക്ഷരങ്ങളുടേതായിരുന്നു. ജീവിതത്തിന്റെ സൌന്ദര്യം അതിന്റെ സങ്കീര്‍ണ്ണതയാണെന്ന് കരുതിയ കാലങ്ങളിലെല്ലാം കടിച്ചാല്‍ പൊട്ടാത്ത വാക്കുകളെ അയാള്‍ സ്നേഹിച്ചു. ഒരുപാട് വാക്കുകള്‍ അര്‍ഥമെന്തെന്നറിയത്തെ എഴുതി നിറച്ചു. കയ്യില്‍ കിട്ടിയ പുസ്തകങ്ങളില്‍ ഒരു ഭ്രാന്തന്നെപ്പോലെ പുതിയ പുതിയ സങ്കീര്‍ണ്ണതകള്‍ക്കും, അതിന്റെ ഉരുക്കഴിക്കുന്ന അക്ഷരക്കൂട്ടങ്ങള്‍ക്കുമായി തിരഞ്ഞു നടന്നു. ലഹരിയുടെ ആകാശങ്ങളില്‍ പറന്നു നടക്കുമ്പോളും തിരഞ്ഞത് മറ്റൊന്നായിരുന്നില്ല. എപ്പോലെങ്കിലും വരപ്രസാദം പോലെ പകര്‍ന്നു കിട്ടുന്ന വാക്കുകളെ പലവുരി ഉരുവിട്ടു മനസില്‍ ഉറപ്പിച്ചു. തെറ്റിപ്പോകുമോ എന്നു കരുതി ഒരു കണ്ണാടിയിലൂടെ സൂക്ഷമ് നിരീക്ഷണം നടത്തി .എവിടെയെങ്കിലുഉം എഴുത്തുന്നതിനു മുന്പ് ഈ വാക്ക് മങ്ങിപ്പോയെക്കുമെന്നും പ്രപഞ്ചം അതിന്റെ തമോഗര്‍ത്ത സീമകളില്‍ അതിനെ ഒളിപ്പിച്ചു വെക്കുമെന്നും എപ്പോഴും പേടിച്ചു.

ഒരു പ്രഭാതത്തില്‍ അക്ഷരങ്ങള്‍ മഴയായി പെയ്യാന്‍ തുടങ്ങി. ആദ്യമൊക്കെ അയാള്‍ ആ മഴ നനഞ്ഞു. മഴ തോരുമ്പോള്‍ കുളിര്‍ തെന്നാലെറ്റു കൊണ്ട് പുതിയ അര്‍ഥ കല്‍പനകള്‍ നെയ്തു. പിന്നെ അതൊരു തോരാത്ത പേമാരിയവന്‍ തുടങ്ങി. വാക്കുകള്‍ ഒരു പ്രളയം പോലെ നിരയാനും. ആരും അറിയാതെ, ആ പ്രളയത്തില്‍ അയാള്‍ മുങ്ങിമരിച്ചപ്പോലും ശരിയായ അര്ത്ഥം കൈമറാനാവാതെ മരണത്തെ പറ്റിയുള്ള ഏറ്റവും വലിയ വാക്ക് അയാളുടെ ശരീരത്തിനു മുകളിലൂടെ ഒഴുകി നടന്നു.