Thursday, September 1, 2011

ചുവന്ന പൂക്കള്‍

താഴ്വര സുന്ദരമായിരുന്നു. രക്തവര്‍ണന്കിത പൂക്കള്‍ ദൂരെ നിന്നു നോക്കിയാല്‍ തന്നെ കാണാം.മലയുടെ മുകളില്‍ നിന്ന്  നോക്കുമ്പോള്‍ ഒരു ചുവന്ന പുതപ്പ് പോലെ. ദുര്രൂഹമായ നിശബ്ദത തലം കെട്ടി നില്‍ക്കുന്ന പോലെ. ആളുകള്‍ ദൂരത്തെയും അകലത്തെയും ആഴങ്ങളെയും ഭയപ്പെട്ടു. മലയുടെ മുകളില്‍ നിന്ന് നോക്കിക്കാണാന്‍ അല്ലാതെതാഴേക്കിറങ്ങാന്‍ ആരും ധൈര്യം കാണിച്ചില്ല.വസന്തത്തിലെ ഒരു പ്രഭാതത്തിലാണ് അവിടെ ഒരു വൃദ്ധനെ ആളുകള്‍ കാണാന്‍ തുടങ്ങിയത് . മലയുടെ ഒരു വശത്ത് ഒരു കല്ലില്‍ അയാള്‍ വന്നിരിക്കും.വെയില്‍ ഉള്ളപ്പോള്‍ പോലും മൂടിപ്പുതച്ചു കൊണ്ട്. കിളവന്റെ കണ്ണുകളില്‍ ആരോടൊക്കെയോ ഉള്ള പകയും പേടിയും നിഴലിച്ചു നിന്നു. കൊച്ചു കുട്ടികള്‍ അടുത്തേക്ക് വരുമ്പോള്‍ വിചിത്രമായ ചില ശബ്ദങ്ങള്‍ ഉണ്ടാക്കി അവരെ ഓടിക്കാന്‍ അയാള്‍ ശ്രമിക്കും. ചിലപ്പോളൊക്കെ ആരോടെന്നില്ലാതെ വിളിച്ചു പറയും.

"പണ്ട്  ഈ  താഴ്‌വരയില്‍ ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ രക്തം ശര്ധിച്ചാണ്  മരിച്ചത്..അവരുടെ രക്തം വീണതുകൊണ്ടാണ് പൂക്കള്‍ ചുവപ്പ്  നിറമായത് ".

ആളുകള്‍ വന്നും പോയ്ക്കൊണ്ടുമിരുന്നു .ഋതുക്കളും. മഴക്കാലത്ത്‌ മലമുകള്‍ ഏകാന്തമാകുമ്പോള്‍ അയാള്‍ നിലത്തു കിടക്കും .മഴത്തുള്ളികളെ ശരീരത്തിന്റെ നഗ്നതകളെ സ്പര്‍ശിക്കാന്‍ അനുവദിച്ചു കൊണ്ട്. ചിലപ്പോളൊക്കെ ഒഴുകി വരുന്ന ചെളിയെ നഗ്നതയെ മൂടിവെക്കാന്‍ അനുവദിച്ചു കൊണ്ട് . ഏതോ ഒരു പ്രഭാതത്തില്‍ താന്‍ ചുമക്കുന്നതായ് അയാള്‍ക്ക് തോന്നി. കൈ കൊണ്ട് വാ പോത്തിയപ്പോള്‍ കയ്യില്‍ നിറയെ രക്തം.ഒരു വശത്തേക്ക് തല ചായ്ച്ചു വെച്ച് ഭൂമിക്കു തന്റെ രക്തവും കൊടുത്തു അയാള്‍ മരിച്ചു.

പിന്നെയും വസന്തം വന്നു. മലമുകളില്‍ വിരിഞ്ഞ ചുവന്ന പൂവിനെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഏതോ യാത്രികന്റെ ചെരുപ്പിനടിയില്‍ പെട്ട് ആ പൂവും മന്നോടു ചേര്‍ന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment